ഷാര്‍ജാ ഷെയ്ഖിനെ വിദേശകാര്യമന്ത്രാലയം അറിയാതെ വഴി തിരിച്ച് ക്ലിഫ് ഹൗസില്‍ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. ഇക്കാര്യം സംസ്ഥാന പൊലീസ് അന്വേഷിക്കണം. വിദേശകാര്യ വകുപ്പിന് പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവോ, പൊതുപ്രവര്‍ത്തകരോ ആരെങ്കിലും ഒരാള്‍ കത്തെഴുതിയാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് വി മുരളീധരന് കൊച്ചിയില്‍ പറഞ്ഞു.
നടന്നത് ആസൂത്രിതമായ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ആരോപിച്ച അദ്ദേഹം വിവാദങ്ങളില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരന് ഡിപ്ലോമാറ്റിക് ഐഡി നല്കി ബാഗേജ് എത്തിക്കാന്‍ ഇയാളുടെ സഹായം തേടിയത് രാജ്യത്തെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണമാണ് സത്യം പുറത്തു വരാന്‍ നല്ലത്. മുഖ്യമന്ത്രി എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്. സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. അല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവിടണമെന്ന് മുരളീധരന് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ നടന്നത് ആസൂത്രിത രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും മുരളീധരന് പറഞ്ഞു.