തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. ബാംഗളൂരുവില്‍ സോഫ്റ്റ്വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍.
കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.
2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇവര്‍ക്ക് നൈനിക എന്ന മകളുണ്ട്. വിദ്യാസാഗറിന്റെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ശരത് കുമാര്‍, ഖുശ്ബു, വെങ്കിടേഷ്, ശ്വേതാ മേനോന് തുടങ്ങി നിരവധി താരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്.
”രാവിലെ തന്നെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത. മീനയുടെ ഭര്‍ത്താവ് സാഗര്‍ ഇനിയിലിലെന്ന സത്യം ഉള്‍ക്കൊള്ളാനാകുന്നില്ല. വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ജീവിതം ക്രൂരമാണ്. ദുഃഖം മറയ്ക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല”എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.
”നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്, മീനയ്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”, എന്നായിരുന്നു ശരത് കുമാര്‍ കുറിച്ചത്.