കോഴിക്കോട്: മരട് ഫ്ളാറ്റ് വിഷയം തന്റെ പരിഗണനയിലാണെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഫ്ലാറ്റിലെ താമസക്കാരുടെ പ്രശ്നത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ കോടതി പരിഗണിച്ച് കൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ എങ്ങനെയായിരിക്കും സര്‍ക്കാരിന്റേയോ തന്റെയോ ഇടപെടലെന്ന് ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ എന്ന നിലയില്‍ ഒരു ഇന്‍സ്പെക്ടര്‍ ആയി പ്രവര്‍ത്തിക്കുകയല്ല തന്റെ ജോലി. പകരം ഒരു മേല്നോട്ടക്കാരനായി സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവസാന ആളിലേക്കുമെത്തിക്കുന്നതിന് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തന്റെ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കില്ല. സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രാപ്തമാക്കുകയാണ് ഒരു ഗവര്‍ണറുടെ പ്രധാന ജോലി. അത് കേരളത്തിനും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

