കേരള സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പ്രചരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കെതിരെ ശക്തമായ പ്രചാരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ജനങ്ങളെ ബോധവല്‍കരിക്കാന്‍ സര്‍ക്കാര്‍ കൈപ്പുസ്തകവുമായി രംഗത്തെത്തിയത്. അതിരടയാള കല്ലിടല്‍ താല്‍കാലികമായി നിര്‍ത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കലാണ് ലക്ഷ്യം.
സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം എന്ന കൈ പുസ്തകത്തിന്റെ അഞ്ച് ലക്ഷം കോപ്പി കൂടി പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി 7. 5 ലക്ഷം രൂപ കൂടി അനുവദിച്ചു ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവില്‍ 50 ലക്ഷം കൈപ്പുസ്തകം ഇറക്കിയിരുന്നു. അതിന് പുറമേയാണ് 5 ലക്ഷം കൈപുസ്തകങ്ങള്‍ അച്ചടിക്കുന്നത്. കൈപ്പുസ്തകത്തിന്റെ 5 ലക്ഷം സൗജന്യമായി അച്ചടിക്കുന്നതിന് സര്‍ക്കാര്‍ പ്രസ്സിനെയും കൈപ്പുസ്തകത്തിന്റെ കവര്‍ പേജ് 110/130 ജിഎസ്എം പേപ്പറില്‍ അച്ചടിക്കുന്നതിന് സി ആപ്റ്റിനെയും ഏല്‍പ്പിച്ചു കൊണ്ടാണ് ഉത്തരവ്.
കൈപ്പുസ്തകത്തിന്റെ 5 ലക്ഷം കോപ്പി സൗജന്യമായി അച്ചടിക്കുന്നതിന് സമ്മതമാണെന്നും കൈപ്പുസ്തകത്തിന്റെ കവര്‍ പേജ് അച്ചടിക്കുന്നതിന് സര്‍ക്കാര്‍ പ്രസ്സുകളില്‍ മതിയായ സൗകര്യം ഇല്ലാത്തതിനാല്‍ പ്രസ്തുത ജോലി അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിനെ ഏല്പിക്കുന്നത് ഉചിതമായിരിക്കുമെന്നും അറിയിച്ച് പരാമര്‍ശം പ്രകാരം ഗവണ്‍മെന്റ് പ്രസ്സുകളുടെ സൂപ്രണ്ട് കത്ത് ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

