സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഹാരാജാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും പിന്നീട് ചാലക്കുടി സ്പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു.
യുവജന സംഘടനയായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തകയായിരുന്നു സംഘടന രാഷ്ട്രീയത്തില്‍ സജീവമായത്. 1978ല്‍ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2003ലാണ് സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1989ല്‍ ഇടുക്കി ലോക്സഭാ തിരഞ്ഞെടുപ്പിലും 2006ല്‍ മട്ടാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ട്രേഡ് യൂണിയന് നേതാവും അങ്കമാലി നഗരസഭാ മുന്‍ കൗണ്‍സലറുമായിരുന്ന പരേതനായ പി.എ മത്തായി ആണ് ഭര്‍ത്താവ്. മകന് മനു. മരുമകള്‍ ജ്യോത്സ്ന. മാനവ് വ്യാസും കണ്ണകിയുമാണ് കൊച്ചുമക്കള്‍.

