information News

അറിയിപ്പുകൾ

ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ ബാങ്കിംഗ്, സിവിൽ സർവീസ്, UGC/NET/JRF, GATE/MAT വിഭാഗങ്ങളിലെ അന്തിമ ഗുഭോക്തൃപ്പട്ടികകൾ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2021-22 പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

തൊഴിലധിഷ്ഠിത കോഴ്‌സ്
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല കോഴ്‌സുകളായ റൊബോട്ടിക്‌സ് വർക്‌ഷോപ്പ്, ഇന്റൽ ലേൺ പ്രോഗ്രാം, സ്‌കിൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 9961982403.

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിക്ക് അപേക്ഷിക്കാം
മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയിലേക്കു മാർച്ച് 31 വരെ അപേക്ഷിക്കാം. 10 ലക്ഷം രൂപയാണു പദ്ധതിയുടെ പരിരക്ഷ. മത്സ്യബന്ധന സമയത്തും അല്ലാതെയുമുള്ള അപകട മരണമോ അപകടത്തെത്തുടർന്നു സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും. ഒരാൾക്ക് 389 രൂപയാണു പ്രീമിയം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾവഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതൽ വിവരങ്ങൾ മത്സ്യഫെഡ് ജില്ലാ ഓഫിസുകളിൽനിന്നും ക്ലസ്റ്റർ ഓഫിസുകളിൽനിന്നും പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നും ലഭിക്കും.

കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഒ.എസ് സ്യൂട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു
പുതിയ ലാപ്‌ടോപ്പുകൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ ‘കൈറ്റ് ഗ്‌നൂ/ലിനക്‌സ് 20.04’ എന്ന പരിഷ്‌കരിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) സ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും മാത്രമല്ല, വീടുകളിൽ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സർക്കാർ ഓഫീസുകൾ, ഡി.ടി.പി സെന്ററുകൾ, സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾ തുടങ്ങിയവർക്കും സമ്പൂർണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായി ഈ ഒ.എസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാനാകും. നിയമസഭാ ഹാളിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെയും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തിന്റെയും സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ തിരുവനന്തപുരം കോട്ടൺഹില്ലിലെ എം.എസ് കലാവേണിക്കും സെന്റ് ജോസഫ് സ്‌കൂളിലെ ആകാശ് ജെ-ക്കും ഒ.എസ് സ്യൂട്ട് നൽകിയാണ് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്.
പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഇതുവരെയുള്ള എല്ലാ അപ്‌ഡേറ്റുകളും ഉൾപ്പെടുത്തിയതാണ് കൈറ്റ് ഗ്‌നൂ/ലിനക്‌സ് 20.04. ഉബുണ്ടു 20.04 റെപ്പോസിറ്ററിയിൽ ഇല്ലാത്ത പല സോഫ്റ്റ്‌വെയറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. മിക്ക സോഫ്റ്റ്‌വെയറുകളും ഏറ്റവും പുതിയ വേർഷനുകളിലേക്ക് അപ്‌ഡേറ്റു ചെയ്യുകയും, ഹയർസെക്കണ്ടറി-വൊക്കേഷണൽ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള സ്‌കൂൾ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരവും ഓഫീസ് പാക്കേജുകൾ, ഭാഷാഇൻപുട്ട് ടൂളുകൾ, ഡാറ്റാബേസ് അപ്ലിക്കേഷനുകൾ, ഡി.ടി.പി-ഗ്രാഫിക്‌സ് -ഇമേജ് എഡിറ്റിങ്
സോഫ്റ്റ്‌വെയറുകൾ, സൗണ്ട് റിക്കോർഡിങ്-വീഡിയോ എഡിറ്റിങ്-ത്രിഡി അനിമേഷൻ പാക്കേജുകൾ പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കൾ, ഡാറ്റാബേസ് സർവറുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേർഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഐ.ടി ഉപയോഗിച്ച് പഠിക്കാനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്റ്റ്‌വെയറുകളായ ജിയോജിബ്ര, ജികോമ്പ്രിസ് തുടങ്ങിയവയും ഈ ഒ.എസ് സ്യൂട്ടിലുണ്ട്.
നേരത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് എല്ലാ കോഴ്‌സുകൾക്കും ലൈസൻസ് അധിഷ്ഠിത അക്കൗണ്ടിംഗ് പാക്കേജായ ടാലിക്ക് പകരം ഗ്‌നൂകാത്ത വരെ ഉൾപ്പെടുത്തി പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് പ്രയോജനപ്പെടുത്തുന്നത്. ഇതുമൂലം രണ്ട് ലക്ഷം കമ്പ്യൂട്ടറുകളിൽ നിന്നായി 3000 കോടി രൂപ ലാഭിക്കാനായത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ക്യൂ.എഫ്) ജോബ് റോളുകൾക്കുള്ള സോഫ്റ്റ്‌വെയറുകളും ഇതോടെ രാജ്യത്താദ്യമായി പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറുകയാണ്. വളരെ ചെലവേറിയതും എൻജിനിയറിങ് കോഴ്‌സുകൾക്ക് വരെ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓട്ടോകാഡിന് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിബ്രകാഡും, ഡി.ടിപിക്ക് സ്‌ക്രൈബസ് സ്വതന്ത്രസോഫ്റ്റ്‌വെയറും ഈ സ്യൂട്ടിന്റെ ഭാഗമായുണ്ട്. കൈറ്റ് വെബ്‌സൈറ്റിലെ (kite.kerala.gov.in) ഡൗൺലോഡ്‌സ് ലിങ്കിൽ നിന്ന് ഒ.എസ് സ്യൂട്ട് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

ഗാർഹിക തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക ക്യാമ്പയിൻ തിരുവനന്തപുരത്തു തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗാർഹിക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇതിനൊപ്പം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളെ ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരും. തൊഴിലാളി തൊഴിലുടമ ബന്ധം കരാറിന്റെ പരിധിയിലാക്കുന്നതിനുള്ള നടപടിയും സർക്കാർ ഉടൻ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.
പരമാവധി ഗാർഹിക തൊഴിലാളികളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിനു പ്രേരിപ്പിക്കുന്നതിനായി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ റിക്രൂട്ടിങ് സ്ഥാപനങ്ങൾ ഉൾപ്പെടെ സന്ദർശിച്ചു ബോധവൽക്കരണം നടത്തും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആനുകൂല്യം ഈ മേഖലയിലെ അർഹരായ പരമാവധി തൊഴിലാളികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഗൃഹ ജോലികൾ ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഇതിനൊപ്പം സവിശേഷമായി കൈകാര്യം ചെയ്യേണ്ടതാണെന്നു മന്ത്രി പറഞ്ഞു.
രണ്ടാഴ്ചത്തെ കാമ്പയിനിൽ പുതിയ രജിസ്‌ട്രേഷന് ഒപ്പം കുടിശിക ഉള്ള നിലവിലെ അംഗങ്ങൾക്ക് അത് ഗഡുക്കളായി ഒടുക്കുന്നതിനും അവസരമുണ്ട്. ഇതിനു ഓഫീസിൽ എത്തി വരിനിൽക്കാതെ എളുപ്പത്തിൽ നടത്തുവാനുള്ള സൗകര്യം എല്ലാ ജില്ലാ ബോർഡ് ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യം തൊഴിലാളി സംഘടന- തൊഴിലാളി പ്രതിനിധികളുമായി ചർച്ച ചെയ്തു തീരുമാനമായിട്ടുള്ളതാണെന്നു മന്ത്രി അറിയിച്ചു.
ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി , ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര, പ്രൈവറ്റ് സെക്രട്ടറി അഡ്വ: പി രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

അദാലത്ത് 21 മുതൽ
2016 മുതൽ 2020 വരെയുള്ള അധ്യയന വർഷങ്ങളിലെ ദേശീയ സ്‌കൂൾ ഗെയിംസുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകൾ നാളിതുവരെ ലഭിച്ചിട്ടില്ലാത്തവർക്കായി അദാലത്ത് സംഘടിപ്പിക്കുന്നു.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ 21 നും മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകൾക്കായി തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ 22 നും ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കായി കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ 23 നും കൊല്ലം, തിരുവനന്തപുരം ജില്ലകൾക്കായി തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ 24 നും അദാലത്ത് നടക്കും. രാവിലെ 10.30 ന് അദാലത്ത് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.education.kerala.gov.in.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!