ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസ് മുഖ്യപ്രതി റോയി വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്.കേസിലെ ഒന്നാം പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്ക് വേണ്ടി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റിനും സൈജു തങ്കച്ചനും പ്രതികളാണ്.
കഴിഞ്ഞദിവസങ്ങളില്‍ റോയി വയലാട്ടിന്റെയും സൈജുവിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചില്‍ നടത്തി. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പോക്‌സോ കേസില്‍ ഒരാഴ്ച മുമ്പാണ് റോയി വയലാട്ടിനും സൈജു തങ്കച്ചനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പിന്നാലെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും കഴിഞ്ഞദിവസം തള്ളി.

