നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൂടുതൽ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. ദിലീപിന്റെ ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടത്. ഫോൺ വിവരങ്ങൾ നശിപ്പിച്ചു എന്ന് മുംബൈയിലെ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു.75000 രൂപ വീതം ഈടാക്കിയാണ് ഫോൺ വിവരങ്ങൾ നശിപ്പിച്ചതെന്നും ലാബുടമ പറഞ്ഞു. ദിലീപിനെ സഹായിച്ചത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിൻസെന്റ് ചൊവ്വല്ലൂർ ആണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലെ പ്രതിയാണ് വിന്‍സെന്റ് ചൊവ്വല്ലൂര്‍. അഭിഭാഷകനാവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്ന് വിന്‍സെന്റ് പറഞ്ഞിരുന്നു. നശിപ്പിച്ച ഫോൺ രേഖകൾ ദിലീപിൻ്റെ അഭിഭാഷകൻ കണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെടുത്തിട്ടുണ്ട്.ഫോണുകള്‍ പരിശോധിച്ച ലാബുകള്‍ നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി.