യുക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തുന്ന സാഹചര്യത്തിൽ പുടിനും റഷ്യയ്ക്കുമെതിരെയുള്ള വിദ്വേഷ പ്രസംഗത്തിനും അക്രമണാഹ്വാനത്തിനും അനുവാദം നല്കി ഫെയ്സ്ബുക്ക്. ചില രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള ഫെയ്സ്ബുക്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി റഷ്യൻ അധിനിവേശകര്‍ക്കെതിരെ വധഭീഷണി വരെ ഉയര്‍ത്താനുള്ള അനുവാദമാണ് താല്കാലികമായെങ്കിലും ഫെയ്സ്ബുക്ക് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം റഷ്യയിലെ പൊതുജനങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും ആക്രമണ ആഹ്വാനവും അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
ഫെയ്സ്ബുക്കിന്റെ നയത്തിലുണ്ടായ ഈ മാറ്റം സംബന്ധിച്ച ചില ഈമെയില്‍ സന്ദേശങ്ങള്‍ റോയിട്ടേഴ്സ് വാര്‍ത്തയാക്കിയ പശ്ചാത്തലത്തിലാണ് കമ്പനി തന്നെ ഇക്കാര്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
യുക്രൈനില്‍ അധിനിവേശം നടക്കുന്ന സാഹചര്യത്തില്‍ ആക്രമണം നടത്തുന്ന സൈന്യത്തിനെതിരെ അക്രമാസക്തമായ വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതിന് യുദ്ധത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് താല്കാലിക ഇളവ് നല്‍കുകയാണെന്ന് മെറ്റ വക്താവ് പറഞ്ഞു.എന്നാൽ സാധാരണ ജനങ്ങൾക്കെതിരെ അനുവദിക്കില്ലെന്നും യുക്രൈന് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്റുകള്‍ മാത്രമേ ഈ രീതിയില്‍ അനുവദിക്കുകയുള്ളൂ എന്നും മെറ്റ വക്താവ് വ്യക്തമാക്കി .
നിലവില്‍ ഫെയ്സ്ബുക്കിന് റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്ന് കാണിച്ചാണ് റഷ്യയുടെ നടപടി.

