സിപിഎമ്മും ബിജെപിയും കേരളത്തെ ചോരക്കളമാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. കൊല്ലും കൊലയും സർവ്വസാധാരാണമായി. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. ആരുവേണമെങ്കിലും ഏത് സമയവും കൊല്ലപ്പെടാമെന്ന സ്ഥിതിയാണ്. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ലഹരിമാഫിയ വിലസുന്നു.അക്രമങ്ങള്‍ തടയുന്നതില്‍ പോലീസും ആഭ്യന്തരവകുപ്പും സമ്പൂര്‍ണപരാജയമാണ്.പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഭരണനേതൃത്വം തയ്യാറാകാത്തതാണ് ഇതിനെല്ലാം കാരണം. കൊലപാതക സംഘങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന സിപിഎം ഭരിക്കുമ്പോള്‍ മറിച്ച് ആഗ്രഹിക്കുന്നത് മൗഢ്യമാണ്. അരുംകൊല രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം,ബിജെപി നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും സുധാകരന് പറഞ്ഞു.
അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയ്ക്ക് താല്‍ക്കാലിക വിരാമം ഇട്ടുകൊണ്ട് രണ്ടു കൂട്ടരും ഉറയിലിട്ട വാള് വീണ്ടും പുറത്തെടുക്കുകയാണ്.സിപിഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയത്തിന്റെ ഉപാസകരാണ്.

