ഇന്ധന വിലവർധയിൽ സംസ്ഥാന സർക്കാരിനെതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന് കെ.സുധാകരന്.എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരം നടക്കും. സമരത്തിൻ്റെ ഭാഗമായി വാഹനങ്ങൾ തടയില്ലെന്ന് കെ.സുധാകരൻ പറഞ്ഞു.
കെ.സുധാകരൻ്റെ വാക്കുകൾ –
സാഹചര്യത്തിന്റെ ഗൗരവം ഉൾകൊള്ളാൻ സംസ്ഥാന സർക്കാറിന് ആവുന്നില്ല. സർക്കാരിൻ്റെ ഈ നിസ്സംഗ നിലപാടിനെതിരെ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുകയാണ്. ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത കേരള സർക്കാർ നിലപാടിന് എതിരെ നവംബർ എട്ടിന് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ചക്ര സ്തംഭന സമരം നടത്തും. രാവിലെ 11 മുതൽ 11.15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളിൽ സമരം നടത്തുക.
ഗതാഗതക്കുരുക്ക് ഉണ്ടാവാത്ത തരത്തിലാണ് സമരം നടത്തുക. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചേർന്ന് അനിയൻ ബാവ, ചേട്ടൻ ബാവ കളിക്കരുത്. ഇന്ധനനികുതിയിൽ ഇളവ് നൽകില്ലെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള ക്രൂരതയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയാണ് ഇക്കാര്യത്തിൽ സർക്കാറിന് പിന്തുണ നൽകുന്ന സിപിഎം നിലപാട്. വില കുറക്കുന്നതിന് പകരം താത്വിക നിലപാട് വിളമ്പി ജനങ്ങളുടെ മുന്നിൽ പരിഹാസ്യ പാത്രമാകരുത്.

