ഐ.എന്‍.എല്ലിനോട് നിലപാട് കടുപ്പിച്ച് സി.പി.ഐ.എം. ഒറ്റപാര്‍ട്ടിയായി നിന്നാല്‍ മാത്രം മുന്നണിയില്‍ തുടരാമെന്നാണ് ഐ.എന്‍.എലിനോട് നേതൃത്വം പറഞ്ഞിരിക്കുന്നത്.എകെജി സെന്ററിലെത്തിയ അബ്ദുള്‍ വഹാബിനെയാണ് നേതൃത്വം ഇക്കാര്യം അറിയിച്ചത്.
രണ്ട് വിഭാഗമായി മുന്നോട്ട് പോകുകയാണെങ്കില്‍ മുന്നണിയില്‍ തുടരുന്നതടക്കം തടസ്സങ്ങള്‍ നേരിടേണ്ടി വരും. ഒരു മുന്നണിയോഗത്തിലാണെങ്കില്‍ കൂടിയും ഒരുമിച്ച് വിളിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് സി.പി.ഐ.എം പറഞ്ഞിരിക്കുന്നത്.കാസിം ഇരിക്കൂര്‍ വിഭാഗവുമായി ചേര്‍ന്നു നില്‍ക്കുന്ന മന്ത്രി അഹമ്മദ് തേവര്‍കോവിലിന്റെ മധ്യസ്ഥതയില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി എപി അബ്ദുള്‍ വഹാബ് വിഭാഗം മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തി. ഒരുമിച്ച് പോകാമെന്ന പ്രതീക്ഷ ചര്‍ച്ചയ്ക്ക് ശേഷം ഇരുവിഭാഗവും പങ്കുവെക്കുന്നത്.
എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് വഹാബുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ അഹമ്മദ് ദേവര്‍ കോവില്‍ പ്രതികരിച്ചിരുന്നു.
അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും മന്ത്രി സ്ഥാനത്ത് തുടരണോ എന്ന് തീരുമാനിക്കേണ്ടത് ഇടതുപക്ഷമാണെന്നും നേരത്തെ അബ്ദുള്‍ വഹാബ് പറഞ്ഞിരുന്നു.

