സര്‍ക്കാരിന്റെ മരങ്ങള്‍ മുറിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റായ നടപടിയാണെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്. ആരും സര്‍ക്കാരില്‍ നിക്ഷിപ്തമായ മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തിട്ടില്ല, ഭൂമി രേഖകള്‍ വില്ലേജ് ഓഫിസര്‍ തെറ്റായി കൊടുത്തതിനാലാണ് മുട്ടിലില്‍ മാത്രം അത്തരം നടപടിയുണ്ടായതെന്നും മന്ത്രി പറഞ്ഞു.
ചന്ദനം, ഈട്ടി, തേക്ക്, എബണി മരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിക്കാന്‍ കഴിയില്ല. നിയമങ്ങള്‍ വ്യത്യസ്ത ഖണ്ഡികയായി ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു, തെറ്റിദ്ധരിപ്പിച്ചു. തെറ്റായ നടപടിക്കു കൂട്ടുനിന്നാല്‍ കൃത്യമായി പരിശോധിച്ചു നടപടിയെടുക്കും. ഷെഡ്യൂളില്‍പെട്ട മരം മുറിച്ചെങ്കില്‍ തെറ്റായ നടപടിയാണ്. കുറ്റക്കാര്‍ ആരാണെങ്കിലും ശക്തമായ നടപടിയെടുക്കും.
സംഭവത്തില്‍ ഒരാളെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ല. ഉത്തരവിനെ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിച്ചത് ആരാണെങ്കിലും കര്‍ശനമായ നടപടിയുണ്ടാകും. ഉത്തരവില്‍ വീഴ്ച സംഭവിച്ചതായി റവന്യു സെക്രട്ടറിയുടെ കത്തിലില്ല. ജില്ലാ കലക്ടര്‍മാര്‍ക്ക് വീഴ്ച വന്നതായി ഇപ്പോള്‍ കണ്ടെത്താനായിട്ടില്ലെന്നും റവന്യു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

