രാജ്യത്ത് ആകെ 5,424 പേർക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ.ഇവയിൽ 4,556 പേർ കോവിഡ് സ്ഥിരീകരിച്ചവരാണെന്നും 55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും മന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുളളത്. കേരളത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. കോട്ടയം ജില്ലകളിലായി ചികിത്സയിലുണ്ടായിരുന്ന എറണാകുളം സ്വദേശികളായ രണ്ടുപേരും പത്തനംതിട്ട സ്വദേശികളായ രണ്ടുപേരുമാണ് മരിച്ചത്.
ബ്ലാക്ക് ഫംഗസ് രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ സംസ്ഥാനങ്ങൾ നിർബന്ധമായും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) അറിയിക്കണം.
മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ശ്വാസകോശത്തെ അല്ലെങ്കിൽ സൈനസുകളെയാണ് ബാധിക്കുക. നേരത്തെ കടുത്ത പ്രമേഹ രോഗികളെ മാത്രം ബാധിച്ചിരുന്ന രോഗം ഇപ്പോൾ രാജ്യത്തെ പല ആശുപത്രികളിലും കോവിഡ് രോഗികളിലും സ്ഥിരീകരിക്കുന്നുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങൾ മൂലമാണ് ഈ വർധനവ് ഉണ്ടാകുന്നത്. പ്രമേഹമുള്ള കോവിഡ് രോഗികൾക്ക് ഈ ഫംഗസ് ബാധയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡിന്റെ അമിത ഉപയോഗവും ഫംഗസ് ബാധയ്ക്ക് കാരണമാകുന്നുണ്ട്.

