മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിന് ജനഹൃദയങ്ങളില്‍ 61ന്റെ ചെറുപ്പം . .തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍.
നടന് മോഹന്‍ലാലിന് ഇന്ന് ജന്മദിനം. 61ാം ജന്മദിനം. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്.
മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിന് ജനഹൃദയങ്ങളില്‍ 61ന്റെ ചെറുപ്പം. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്മുന്നില് നിറഞ്ഞുനില്ക്കുന്നു.
അടച്ചു പൂട്ടലിനിടെ ആയിരുന്നു അറുപതാം പിറന്നാള്‍. ലോക്ഡോണ്‍ തുടരുന്നതിനിടെ മറ്റൊരു ജന്മദിനം കൂടി. വീട്ടിലിരിക്കുമ്പോഴും പ്രേക്ഷകരുടെ വിരല്‍തുമ്പില്‍ വിരുന്നായി ദൃശ്യം 2.ജോര്‍ജ് കുട്ടിക്ക് പിന്നാലെ കുഞ്ഞാലിമരക്കാരും നെയ്യാറ്റിന്‍കര ഗോപനും എല്ലാം വെല്ലുവിളികളുടെ കാലത്ത് പുതിയ പ്രതീക്ഷകളായി മാറുകയാണ്.
ജനനം
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ എന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ 2000 ൽ മരണമടഞ്ഞിരുന്നു.
വിദ്യാഭ്യാസം
തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.
ആദ്യകാലം (1978-1985)
മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (ചലച്ചിത്രം1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ ) സംവിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെ അധികം ജനശ്രദ്ധ നേടിയിരുന്നു. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശി സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായക വേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സംവിധാനം ചെയ്തതു പ്രശസ്ത സംവിധായകനും മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.പ്രിയദർശൻ കഥയും, തിരക്കഥയും നിർവഹിച്ച് എം.മണി സംവിധാനം ചെയ്ത് 1983 ൽ പുറത്ത് ഇറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലുടെ എൺപതുകളിൽ ലാൽ തന്റെ ആദ്യ ചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ലാലിന് നായക പദവി ലഭിച്ചു തുടങ്ങിയത്.
സുവർണ്ണ കാലഘട്ടം (1986-1995)
1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.
മലയാള ചലച്ചിത്ര വേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാൽ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷത്തിലാണ് താളവട്ടം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസിക നില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്. വാടകക്കാർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്ര പ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
രചന – സംവിധാന ജോഡിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്. ഒരു പോലീസുകാരനാ…

