രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 32,987 പേര്‍ രോഗമുക്തരായപ്പോള്‍ 257 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 53,476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 251 പേരാണ് മരണമടഞ്ഞത്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വ്യാഴാഴ്ച സംസ്ഥാനത്ത് 35,952 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 30,000-ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മുംബൈയിൽ മാത്രം ഇന്നലെ 5,504 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം വ്യാഴാഴ്ച 26 ലക്ഷം കടന്നു. 20,444 പേര്‍ ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 22.83 ലക്ഷമായി. 111 പേരാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 53,795 ലേക്കുയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,62,685 ആണ്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,18,46,652 ആയി. 1,12,64,637 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,949 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,55,04,440 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

