
ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പോലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു.
തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയുംവേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സ്വര്‍ണക്കടത്തു സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന്റെ നിഗമനം. ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാലു ദിവസം മുമ്പാണ് ബിന്ദു വിദേശത്തു നിന്നും നാട്ടിലെത്തിയത്.ആദ്യം ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തില്‍ വന്നുപോയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ പാസ്പോര്‍ട്ട് അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് യുവതി ഇടയ്ക്കിടെ നാട്ടില്‍വന്നിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടര്‍ന്ന് ഫെബ്രുവരി 19-ന് നാട്ടില്‍ തിരിച്ചെത്തിയതായും പോലീസ് പറഞ്ഞു. ഇതാണ് യുവതി സ്വര്‍ണക്കടത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചിരുന്നുവെന്ന സംശയം ബലപ്പെടാന്‍ കാരണം.
നാട്ടിലെത്തിയതുമുതല്‍ ബിന്ദു നിരീക്ഷണത്തിലായിരുന്നു എന്നാണ് സംശയം. യുവതി നാട്ടിലെത്തിയ ദിവസം രാത്രി രണ്ടുപേരെ വീടിന് സമീപം കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറിയിരുന്നു.

