
ചാത്തമംഗലം ആര്.ഇ.സി ഹയര്‍ സെകന്ററി സ്കൂളില്‍ ടിങ്കറിംഗ് ലാബ് സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എസ്.എസ്.കെയുടെ 2020-21 വര്‍ഷത്തെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഈ പ്രവൃത്തിക്കുള്ള അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും ഓരോ സ്കൂളുകളെ വീതമാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. 6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ റോബോട്ടിക് സാങ്കേതിക വിദ്യ ഉള്‍പ്പെടെ സ്വയത്തമാക്കുന്നതിന് പര്യാപ്തമാവുന്ന വിധത്തിലുള്ള ഉപകരണങ്ങളാണ് ലാബില്‍ സജ്ജമാക്കുക. ഇതിനായി 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കും. ആദ്യ ഘട്ടമായി 5 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ആര്.ഇ.സി സ്കൂളില്‍ 5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ടിങ്കറിംഗ് ലാബ് സജ്ജീകരിക്കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കുമെന്നും എം.എല്‍.എ പറഞ്ഞു.

