ആലപ്പുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധത്തില്‍ സിപിഐഎം നടപടിക്ക്. പ്രതിഷേധപ്രകടനം നടത്തിയവരോട് സിപിഐഎം വിശദീകരണം തേടി. മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 19 അംഗങ്ങളോടുമാണ് വിശദീകരണം തേടിയത്.
ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കമാണ് പരസ്യപ്രതിഷേധത്തിലേക്ക് വഴിമാറിയത്. പാര്‍ട്ടി പതാക ഉയര്‍ത്തി വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് മുദ്രാവാക്യം വിളിച്ച് റാലി നടത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചിത്തരജ്ഞനെതിരെയായിരുന്നു മുദ്രാവാക്യങ്ങള്‍. ആലപ്പുഴ ഏരിയാകമ്മിറ്റി അംഗം കെ ജയമ്മയെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്നായിരുന്നു ഒരുവിഭാഗത്തിന്റെ ആവശ്യം. ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ട് വെച്ചത് സൗമ്യാ രാജന്റെ പേരും ആയിരുന്നു. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
അതേസമയം, പ്രതിഷേധം കൊണ്ട് തീരുമാനം മാറില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചു. പ്രതിഷേധത്തിലൂടെ പാര്‍ട്ടിയെ മോശമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സൗമ്യയെ ചെയര്‍പേഴ്‌സണ്‍ ആക്കാമെന്ന ധാരണയോടെയാണ് മത്സരിപ്പിച്ചത്. പരസ്യപ്രതിഷേധത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും നാസര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ജി സുധാകരനും രംഗത്തെത്തി. തെരുവില്‍ ഇറങ്ങിയത് പാര്‍ട്ടിക്ക് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവരാണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. പരസ്യപ്രകടനം തെറ്റായ നടപടിയാണ്. പ്രകടനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

