തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം’ ബാനര്‍ തൂക്കിയതില്‍ പ്രതിഷേധിച്ച് അതേസ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പരാതിയുമായി യുവമോര്‍ച്ച. ഡി.വൈ.എഫ്.ഐ ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിച്ചാണ് യുവമോര്‍ച്ചയുടെ പരാതി. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. നഗരസഭ കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക കുത്തനെ തൂക്കി എന്നാണ് പരാതി. ദേശീയപതാക ദുരുപയോഗം ചെയ്തെന്നും യുവമോര്‍ച്ച പരാതിയില്‍ പറയുന്നു.
നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ ഇന്ന് മാര്‍ച്ച് നടത്തിയത്. നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യാലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. ‘ഇത് ആര്.എസ്.എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വെച്ച സംഭവത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

