
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ ചെലവുകളുടെ കണക്കുവിവരങ്ങള്‍ സമര്‍പ്പിക്കുന്നതിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച ചെലവുകളുടെ കണക്കുകള്‍ നിശ്ചിത മാതൃകയില്‍ ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് കാര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്പ്പറേഷന് എന്നിവയുടെ കാര്യത്തില്‍ ജില്ലാ കലക്ടറുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍.
ഒന്നിലധികം സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മത്സരിക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും ചെലവുകള്‍ വെവ്വേറെ തയ്യാറാക്കി സമര്‍പ്പിക്കണം.
സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ യാതൊരു ചെലവും ഉണ്ടായിട്ടില്ലെങ്കില്‍ ചെലവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് നിര്‍ദ്ദിഷ്ട മാതൃകയില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയുടെ നിക്ഷേപത്തുക കണ്ടു കെട്ടിയാല്‍ അത് ചെലവിനമായി രേഖപ്പെടുത്തണം.
പ്രായോഗികമായി ഒരു വൗച്ചര്‍ ലഭ്യമാകാത്ത തപാല്‍, റെയില്‍വേ യാത്ര മുതലായവക്ക് ഒഴികെ മറ്റെല്ലാ ചെലവുകള്‍ക്കും വൗച്ചര്‍ ഉണ്ടായിരിക്കേണ്ടതും ആ വൗച്ചറുകള്‍ സ്ഥാനാര്‍ത്ഥി കണക്കിനൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്. എല്ലാ വൗച്ചറുകളിലും ക്രമമായി നമ്പരിടണം.
സമര്‍പ്പിക്കുന്ന ഓരോ വൗച്ചറിലും സ്ഥാനാര്‍ത്ഥിയോ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഏജന്റോ ഒപ്പ് വെക്കണം.
സമര്‍പ്പിക്കുന്ന കണക്കുകള്‍ സ്ഥാനാര്‍ത്ഥിയോ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഏജന്റോ സൂക്ഷിച്ചിട്ടുള്ള കണക്കുകളുടെ ശരി പകര്‍പ്പ് എന്ന് സ്ഥാനാര്‍ത്ഥി തന്നെ സാക്ഷ്യപ്പെടുത്തണം.
കണക്കുകള്‍ സമര്‍പ്പിച്ചതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് സ്ഥാനാര്‍ത്ഥി രസീത് വാങ്ങുകയും അതൊരു രേഖയായി സൂക്ഷിക്കുകയും ചെയ്യണം.
നിശ്ചിത പരിധിയില്‍ കൂടുതല്‍ ചെലവ് ചെയ്യുകയോ മതിയായ കാരണങ്ങളില്ലാതെ നിര്‍ദ്ദിഷ്ട രീതിയിലും സമയപരിധിക്കുള്ളിലും കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കുന്ന തീയതി മുതല്‍ അഞ്ചു കൊല്ലക്കാലത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ അംഗമായിരിക്കുന്നതിനോ അയോഗ്യനാകും.
പോളിംഗ് സ്റ്റേഷനുകളിലെ ക്രമീകരണം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു അറിയിച്ചു. പോളിംഗ് സ്റ്റേഷനുകള്‍ തലേദിവസം അണുവിമുക്തമാക്കും. ഒരു പോളിംഗ് സ്റ്റേഷനില്‍ നാല് പോളിം ഉദ്യോഗസ്ഥരും ഒരു അറ്റന്‍ഡന്റും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാവുക. ബൂത്ത് ഏജന്റ്മാരുടെ എണ്ണം പത്തില്‍ കൂടാന്‍ പാടില്ല. ഏജന്റുമാരുടെ ഇരിപ്പിടം സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കും.
ഉദ്യോഗസ്ഥര്‍ തലേദിവസം മുതല്‍ പോളിംഗ് സ്റ്റേഷനില്‍ താമസിക്കും. പോളിംഗ് ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും അകത്ത് സാനിറ്റൈസറും ലഭ്യമാക്കും. പോളിംഗ് ബൂത്തിന് മുന്പില് വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം അടയാളമിടും.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ വരിയുണ്ടാകും. മറ്റുള്ളവര്‍ക്ക് പ്രത്യേക വരി നിര്‍ബന്ധമല്ല.
പോളിംഗ് സ്റ്റേഷനില്‍ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ഥികളും മറ്റും സ്ലിപ്പ് വിതരണം നടത്തുന്നുണ്ടെങ്കില്‍ അവിടെ വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവ കരുതണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. സ്ലിപ്പ് വിതരണത്തിന് രണ്ടുപേരില്‍ കൂടാന്‍ പാടില്ല. ഇവ വിതരണം ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്ക് കൈയുറ എന്നിവ ധരിച്ചിരിക്കണം.

