മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തും ലൈഫ് പദ്ധതിയിലെ ക്രമക്കേടും അടക്കം എട്ട് ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു. അഞ്ചെണ്ണം എഴുതി കൊടുത്തും ബാക്കി അല്ലാതെയും ഉന്നയിച്ചിട്ടും ഒന്നിന് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന അദ്ദേഹം ആരോപിച്ചു.
താന്‍ ഓടുപൊളിച്ച് ഇറങ്ങി വന്ന് പ്രതിപക്ഷ നേതാവായത് അല്ലെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് ഉണ്ടാക്കിയ എംഒയു അടക്കം രേഖകള്‍ ആവശ്യപ്പെട്ടിട്ട് നാല് ആഴ്ചയായിട്ടും അത് ലഭ്യമാക്കിയിട്ടില്ല. വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് സമുച്ചയം പണി നടക്കുന്നിടത്ത് പോയി കണ്ടിരുന്നെന്നും ഒറ്റനോട്ടത്തില്‍ തന്നെ അഴിമതി ദൃശ്യമാണെന്നും ചെന്നിത്തല ആരോപിച്ചു.
ഗവര്‍ണറുടേയും ധനമന്ത്രിയുടേയും പ്രസംഗം കോപ്പിയടിച്ചാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്. നോക്കി വായിക്കരുതെന്ന് ചട്ടം ഉണ്ടെന്നിരിക്കെ മൂന്നേമുക്കാല്‍ മണിക്കൂറും പിണറായി വിജയന്‍ പ്രസംഗം നോക്കി വായിച്ചിട്ടും സ്പീക്കര്‍ ഇടപെട്ടില്ല. എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ പ്രതിപക്ഷം തെറി പറഞ്ഞെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. സ്വന്തം സ്വഭാവം വെച്ച് പ്രതിപക്ഷത്തെ അളക്കരുത്. ആരാണ് തെറി പറയുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങള്‍ നടത്തിയ പിണറായി പ്രതിപക്ഷത്തെ ഉപദേശിക്കാന്‍ വരേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

