കാലവർഷം ദുർബലപ്പെടുകയാണെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇപ്പോഴും മഴ മുന്നറിയിപ്പ് തുടരുകയാണ്. രാവിലെ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയോടെ മുന്നറിയിപ്പ് മാറ്റി പ്രഖ്യാപിച്ചു.
വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. നാളെ രണ്ടു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, വയനാട് എന്നിവിടങ്ങളിലാണ് നാളെ യെല്ലോ അലേർട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നത്. മത്സ്യ തൊഴിലാളികളോട് ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

