കോട്ടയം: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവച്ച് സംസ്കാരം നടത്തിയെന്ന ആരോപണവുമായി ആരോപണവുമായി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. നവമാധ്യമ കുറിപ്പിലൂടെയാണ് ജോമോൻ ഇക്കാര്യം വ്യക്തമാക്കിയത്.
2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിൻ്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നുവെന്നും, 2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിൻ്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയതെന്നും കുറിപ്പിൽ പറയുന്നു.
അന്ന് ഈ സംസ്കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് താനും മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നതായും കുറിപ്പിൽ പറയുന്നു. ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്ന് പൊതു പ്രവർത്തകൻ വിമർശനം ഉന്നയിക്കുന്നു. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ലയെന്നും അദ്ദേഹം പറയുന്നു.

