ബാലുശ്ശേരി : നിങ്ങള്‍ റെഡ് സോണില്‍ നിന്നാണോ വരുന്നത്? അതോ നിങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളോ കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് വരുന്ന ആളോ ആണോ? ഇത്തരം ചില ചോദ്യങ്ങള്‍ക്ക് ഹെല്പ് ഡെസ്കില്‍ ഉത്തരം നല്കിയ ശേഷമാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ രോഗികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. പഴുതടച്ചുള്ള നീക്കത്തിലൂടെയാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ‘അല്ല’ എന്നാണെങ്കില്‍ മാത്രമാണ് തെര്‍മല്‍ സ്കാനിങ് ചെയ്തശേഷം ഒ.പി കൗണ്ടറിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഉത്തരം അതെ എന്നാണെങ്കില്‍ ഹോസ്പിറ്റല്‍ ജീവനക്കാര്‍ തന്നെ ഇവര്‍ക്കുള്ള ഒപി ഷീറ്റ് എടുക്കും. ഇത്തരം രോഗികളെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ഡോക്ടര്‍മാര്‍ അവിടെ വന്നു ചികിത്സ നല്‍കുകയും ചെയ്യും. ഐസൊലേഷന്‍ വാര്‍ഡ്കളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ നശിപ്പിക്കാനുള്ള സൗകര്യം അവിടെ തന്നെ ഒരുക്കിയിട്ടുണ്ട്. പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ അണുനശീകരണം നടത്തിയ ശേഷം മാത്രമാണ് പുറത്തേക്ക് കൊണ്ടു വരുന്നത്.
ഹെല്പ് ഡെസ്കില്‍ എത്തുന്നതിനു മുന്‍പുതന്നെ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകാനുള്ള സൗകര്യം പ്രവേശനകവാടത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ഒ പി കൗണ്ടറുകളില്‍ ഒന്നര മീറ്റര്‍ അകലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മാര്‍ക്കുകളില്‍ മാത്രമേ രോഗികള്‍ക്ക് നില്ക്കാന് അനുവാദമുള്ളൂ. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണ് ഇത്. ഒ.പി ടിക്കറ്റ് എടുത്ത ശേഷം ഇരിക്കാനുള്ള ഇരിപ്പടങ്ങളും ഒന്നിടവിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡോക്ടറുടെ അടുത്ത് എത്തുന്നതിന് മുന്‍പും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കണം. ചികിത്സ തേടിയ ശേഷം മരുന്ന് വാങ്ങാന്‍ ഫാര്‍മസിക്ക് മുന്നിലും സാമൂഹിക അകലം പാലിച്ച് നില്‍ക്കാനുള്ള ഇടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രോഗികള്‍ക്ക് കാണത്തക്കവിധത്തില്‍ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങളും അറിയിപ്പും പതിപ്പിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗം പകരുന്ന വിധവും അതിനെ പ്രതിരോധിക്കാനുള്ള നടപടികളും സംബന്ധിച്ച് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് മാസ്ക്കിനൊപ്പം ബോധവല്‍ക്കരണവും ഇവിടെനിന്ന് നല്കുന്നു. രോഗികള്‍ പോയ ശേഷം അവര്‍ ഇരുന്ന സ്ഥലങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നുണ്ട്.
സാമ്പിള്‍ ശേഖരണവും ഇവിടെ നടക്കുന്നുണ്ട്. ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ തന്നെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. അകത്തേക്കും പുറത്തേക്കും രണ്ട് കവാടങ്ങളാണ് ഈ കേന്ദ്രത്തില്‍ ഉള്ളത്. ആരോഗ്യവകുപ്പ് നല്കുന്ന മുഴുവന്‍ മുന്നറിയിപ്പുകളും പാലിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നത്. ഇവിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ അണുനശീകരണവും നടത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ കൃത്യമായ പരിശീലനവും ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് നല്കിവരുന്നു.

