തൃശൂർ: ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിൽ നവീ മുംബൈ സ്വദേശി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള സ്ഥാപനത്തിൽ ജോലിക്ക് നിന്നിരുന്ന ഗുരുമൂർത്തി(27) ആണ് അറസ്റ്റിലായത്. ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും പൊലീസ്.
മിൽമയുടെ ഗോഡൗണിൽ ജീവനക്കാരനാണ് പിടിയിലായ ഗുരുമൂർത്തി. രണ്ട് മാസം മുൻപാണ് ഇയാൾ ഇവിടെ ജോലിക്ക് കയറിയത്. വിധ്വംസക പ്രവർത്തനങ്ങളിലും രാജ്യദ്രോഹ പ്രവർത്തനങ്ങളിലും ഇയാൾ ഏർപ്പെട്ടെന്നാണ് എഫ്ഐആർ. ഭീകരപ്രവർത്തനം നടത്തി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് കേസ്. രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുമായി ഗുരുമൂർത്തിയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

