കുന്ദമംഗലം: ‘പ്രവാസികളെ കൊലക്ക് കൊടുക്കരുത്, നമ്മൾ തന്നെയാണ് അവർ’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന പ്രക്ഷോഭ കാല ക്യാമ്പയിന്റെ ഭാഗമായി പതിനായിരം കേന്ദ്രങ്ങളിൽ അവകാശ പത്രിക പ്രകാശനത്തിന്റെ കുന്ദമംഗലം മണ്ഡലം തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാലിന് നൽകി വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് നിർവ്വഹിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾ ഒപ്പു വെക്കുന്ന നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയക്കും. സെക്രട്ടറിയേറ്റിലേക്കും, വിവിധ ജില്ലാ കേന്ദ്ര-സംസ്ഥാന ഓഫീസിലേക്കും നോർക്ക ആസ്ഥാനങ്ങളിലേക്കും പ്രവാസി കുടുംബങ്ങൾ കൂടി പങ്കെടുക്കുന്ന ബഹുജന മാർച്ച് സംഘടിപ്പിക്കും.വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ എൻ. ദാനിഷ്, വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ,ഇൻസാഫ് പതിമംഗലം, എൻ. ജാബിർ എന്നിവർ സംബന്ധിച്ചു.