തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ.എം ബഷീറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച ആഭ്യന്തര വകുപ്പ് വൈകാതെ തീരുമാനമെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ നിയമന ഉത്തരവ് ഉണ്ടായിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കട്ടരാമന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ഹാജരാകുന്നത്. തിരുവനന്തപുരം കോടതിയിലാണ് നിലവില്‍ വിചാരണ നടപടികള്‍ പൂരോഗമിക്കുന്നത്.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. സംഭവത്തില്‍ ആദ്യം വഫയാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലോടെ ഇത് പൊളിയുകയായിരുന്നു.
കേസില്‍ നിലവില്‍ സ്‌കില്‍സ് എക്‌സലന്‍സി അക്കാദമി മാനേജിങ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമാണ് ഏക പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ നേരത്തെ കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

