ന്യൂഡല്‍ഹി: ടെലിവിഷന്‍ ചര്‍ച്ചകളിലെ ബിജെപിയുടെ പ്രമുഖ മുഖവും ദേശീയ വക്താവുമായ ഷെഹ്‌സാദ് പൂനവാല പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജിക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സിലെ’തന്റെ പ്രൊഫൈല്‍ വിവരങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തി.
ബിജെപി ദേശീയ വക്താവ് എന്ന സ്ഥാനം നീക്കം ചെയ്ത പൂനവാല, ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുഗാമി’ എന്നത് നിലനിര്‍ത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് പൂനവാല തന്റെ എക്‌സ് പ്രൊഫൈല്‍ ബയോ മാറ്റിയത്, എന്നാല്‍ ഈ തീരുമാനത്തിന് പിന്നിലെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അഭിഭാഷകനായ ഷെഹ്‌സാദ് പൂനവാല, കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി ക്രമീകരിച്ചതാണെന്ന് ആരോപിച്ചുകൊണ്ട് പരസ്യമായി രംഗത്തുവന്നതോടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധ നേടുന്നത്. കോണ്‍ഗ്രസ് വിട്ടതിന് ശേഷം ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹത്തെ പാര്‍ട്ടി ദേശീയ വക്താവായി ഉയര്‍ത്തി. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ പ്രധാന ശബ്ദമായി അദ്ദേഹം മാറിയിരുന്നു.
സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സമയമായെന്ന് വ്യക്തമാക്കുന്ന ചില അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ അടുത്തിടെ അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ തെഹസീന്‍ പൂനവാലയുടെ സഹോദരനാണ് ഷെഹ്‌സാദ്. ഷെഹ്‌സാദ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും കോണ്‍ഗ്രസ് നേതൃത്വത്തെ നിരന്തരം വിമര്‍ശിക്കുകയും ചെയ്തതോടെ ഇരു സഹോദരന്മാരും തമ്മില്‍ രൂക്ഷമായ ഭിന്നതയും നിലനിന്നിരുന്നു. അതേസമയം രാജി സംബന്ധിച്ച് ബിജെപി നേതൃത്വത്തിന്റെയോ ഷെഹ്‌സാദിന്റെയോ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

