കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി. മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി,ഡിജിപി, വനിത കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. ലിങ്കുകള്‍ ചേര്‍ത്താണ് പരാതി. ഭര്‍ത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി.കെ ശ്രീമതി പറയുന്നു. ജനം ടിവി, കര്‍മ ന്യൂസ്, സുദിനം പത്രം, ഡെയ്ലി ഹണ്ട് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
സംഘപരിവാറിന്റെ ചാനലായ ജനം ടിവി,ഭാരത് ലൈവ്, കര്‍മ തുടങ്ങിയ മാധ്യമങ്ങളാണ് വ്യാജപ്രചരണം നടത്തിയത്. പി.ആര്‍ കൃഷ്ണന്‍ എന്ന മുന്‍ എംഎല്‍എയുടെ ഭാര്യ എന്ന് നടിച്ച് പെന്‍ഷന്‍ വാങ്ങുന്നു എന്നായിരുന്നു വാര്‍ത്ത.തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ശ്രീമതി ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിയിരുന്നു. ഏറെ കാലമായി ഇത് തുടരുന്നു. കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നുവെന്നും മനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി പറഞ്ഞിരുന്നു.

