കോഴിക്കോട്: കോഴിക്കോട് ഡാന്‍സാഫ് സംഘവും പന്തിയങ്കര പോലീസും ചേര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഒരു കിലോ 10 ഗ്രാം എംഡിഎംഎ കേസിലെ മുഖ്യകണ്ണിയായ മലപ്പുറം അരൂര്‍ സ്വദേശി ഷെഫീഖിനെ അറസ്റ്റ് ചെയ്തു. പോലീസിനെ ആക്രമിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള ശ്രമത്തിനിടെയാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വന്‍തോതില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഷെഫീഖ് നിലവില്‍ ഏഴ് ലഹരിമരുന്ന് കേസുകളിലെ പ്രതിയാണ്. കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിലും മലപ്പുറം, മാനന്തവാടി എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
കഴിഞ്ഞ ദിവസം ഡാന്‍സാഫ് സംഘത്തിന്റെ നൈറ്റ് പട്രോളിംഗിനിടെ സംശയാസ്പദമായി കണ്ട വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഒരു കിലോ 10 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഷെഫീഖിലേക്കെത്തിയത്.
രാമനാട്ടുകരയില്‍ പോലീസ് സംഘത്തെ കണ്ടതോടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് തെളിവ് നശിപ്പിക്കാനും പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനുമാണ് ഷെഫീഖ് ശ്രമിച്ചത്. എന്നാല്‍ ഡാന്‍സാഫ് സംഘവും പന്നിയങ്കര പോലീസും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നഗരത്തില്‍ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരുകയാണ്. കോഴിക്കോട് ഡാന്‍സാഫ് സംഘവും വിവിധ പോലീസ് സ്റ്റേഷനുകളും ചേര്‍ന്ന് നടത്തിയ പരിശോധനകളില്‍ അടുത്തകാലത്തായി നിരവധി ലഹരിമരുന്ന് കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.
നിരവധി കേസുകളില്‍ പ്രതിയായിട്ടും വേഗത്തില്‍ ജാമ്യം ലഭിക്കുന്നത് ലഹരിമരുന്ന് കച്ചവടക്കാര്‍ക്ക് വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. രാസലഹരി ശൃംഖലകളെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നിയമനടപടികള്‍ അനിവാര്യമാണെന്നാണ് വിലയിരുത്തല്‍
ഒരു കിലോ 10 ഗ്രാം എംഡിഎംഎ കേസിലെ മുഖ്യകണ്ണിയായ ഷെഫീഖിനെ കോഴിക്കോട് ഡാന്‍സാഫ് സംഘവും പന്തിയങ്കര പോലീസും ചേര്‍ന്ന് പിടികൂടി.

