കാന്‍സാസ് സിറ്റി: ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീനയ്ക്ക് സ്വപ്നതുല്യമായ തുടക്കം. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഹാട്രിക് മികവില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അല്‍ജീരിയയെ പരാജയപ്പെടുത്തി. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്കോര്‍ ചെയ്തത്. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്ക് ആണിത്.
മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവര്‍ണ്ണ അധ്യായത്തിനാണ് കാന്‍സാസ് സിറ്റി സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡ് 38-കാരനായ മെസി സ്വന്തമാക്കി.

