തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. വധശ്രമത്തിന് പുറമേ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പും ഒഴിവാക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ആയുധം പ്രയോഗിച്ച് ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന ഗണ്‍മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നത്. ‘കൊല്ലടാ എന്നെ’ എന്ന് പ്രവര്‍ത്തകര്‍ ആക്രോഷിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടിവീണ് കഴുത്തിന് ആക്രമിച്ചുവെന്നും പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തു.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍, വി.വി അക്ഷയ്, ബിതുല്‍ ബാലന്‍, സി.എച്ച് മുബാസ്, അഹമ്മദ് യാസീന്‍ എന്നിവരെയാണ് പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

