ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നത്.
പ്രാഥമിക പരിശോധനയില്‍ തന്നെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. വേദന സംഹാരി നല്‍കിയിട്ടും വേദന മാറാത്തതിനാല്‍ നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. തുടര്‍ന്നാണ് രാത്രി 12.15 ഓടെ ആശുപത്രി ശുചിമുറിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. പൊക്കിള്‍ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് വീണ്ടെടുത്തത്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്.

