കോഴിക്കോട് : സോഷ്യലിസ്റ്റ് പ്രസ്ഥാങ്ങളുടെ വീര നായകന് വിട. രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം പി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയിൽ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി.
കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 1987 ൽ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചു. 1996 ലും 2004 ലും ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജയിച്ചു എം പി യായി.
അച്ഛൻ എം.കെ. പത്മപ്രഭാഗൗഡർ പ്ലാന്ററും സോഷ്യലിസ്റ്റ് നേതാവുമായിരുന്നു. അദ്ദേഹത്തിന്റെ പാതയിലാണ് പൊതുജീവിതം തുടങ്ങിയത്. സ്കൂൾ വിദ്യാർഥിയായിരിക്കെ രാഷ്ട്രീയത്തിൽ തുടക്കം കുറിച്ച വീരേന്ദ്രകുമാർ . തുടർന്ന് സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി. ഇക്കാലത്ത് ജയപ്രകാശ് നാരായണനിൽ ആകൃഷ്ടനായി ഇദ്ദേഹം. സോഷ്യലിസ്റ്റ് തത്വങ്ങളിൽ ബോധ്യംവന്ന വീരൻ പ്രക്ഷോഭങ്ങളിൽ മുൻപന്തിയിലുണ്ടായി. അടിയന്തരാവസ്ഥക്കെതിരെ നടത്തിയ പ്രവർത്തനങ്ങളിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലടച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലുള്ള പങ്കാളിത്തം സ്വത്ത് കണ്ടു കെട്ടുന്നതിലേക്കുമെത്തി. സോഷ്യലിസ്റ്റ് പാർടിയെ സോഷ്യലിസ്റ്റ് മുന്നണിയായി വികസിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. രാം മനോഹർ ലോഹ്യയുമായും മറ്റ് ഇടതുപക്ഷ നേതാക്കളുമായുമുള്ള ബന്ധം ധൈഷണിക കാഴ്ചപ്പാടിനെ രൂപപ്പെടുത്തി.
സംയുക്ത സോഷ്യലിസ്റ്റ് പാർടി ട്രഷററും ദേശീയ കമ്മിറ്റി അംഗവുമായി. പിൽക്കാലത്ത് സംയുക്ത സോഷ്യലിസ്റ്റ് പാർടി പിളർന്ന് സോഷ്യലിസ്റ്റ് പാർടി രൂപംകൊണ്ടപ്പോൾ ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായി. മറ്റു പാർടികളുമായി ബന്ധപ്പെട്ട് പ്രസ്ഥാനം വിപുലീകരിച്ചു. തുടർന്ന് കേരളത്തിലെ പ്രതിപക്ഷ ഏകോപന സമിതി കൺവീനൻ.
രാഷ്ട്രീയ നേതാവെന്നതിനപ്പുറം സാഹിത്യകാരൻ കൂടിയായിരുന്നു വിരേന്ദ്ര കുമാർ. ഹൈമവതഭൂവിൽ എന്ന കൃതിയ്ക്ക് 2010 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2016 മൂർത്തീദേവി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം 2002ൽ അമസോണും കുറേ വ്യാകുലതകളും എന്ന കൃതിയ്ക്ക് ലഭിച്ചു. ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര എന്ന കൃതിയ്ക്ക് ഓടക്കുഴൽ പുരസ്കാരം പുരസ്കാരം ലഭിച്ചു. ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും,
തിരിഞ്ഞുനോക്കുമ്പോൾ,പ്രതിഭയുടെ വേരുകൾ തേടി,അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ,ഗാട്ടും കാണാച്ചരടുകളും,രോഷത്തിന്റെ വിത്തുകൾ,രാമന്റെ ദുഃഖം,സമന്വയത്തിന്റെ വസന്തം,ബുദ്ധന്റെ ചിരി സ്മൃതിചിത്രങ്ങൾ എന്നിവയാണ് മറ്റു കൃതികൾ

