പാലക്കാട്: നടി റിനി ആന്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ യുവനേതാവിനെതിരെ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ആവശ്യപ്പെട്ടു. യുവനേതാവിന് ‘വ്യാജന്’ എന്ന പേര് മാറി ‘കോഴി’ എന്നായി. കോണ്‍ഗ്രസ് ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കില്‍ സംഘടനാപരമായെങ്കിലും നടപടി സ്വീകരിക്കേണ്ടേ? സംഘടനാ ഭാരവാഹിത്വത്തില്‍നിന്നെങ്കിലും മാറ്റിനിര്‍ത്താന്‍ നേതൃത്വം തയാറാകണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.
”എന്തെല്ലാം ആരോപണങ്ങളാണ് വന്നത്… വ്യാജന്, ഞങ്ങളുണ്ടാക്കിയതാണോ ആ പേര്? ഇപ്പോള്‍ വ്യാജന് പോയി കോഴി ആയെന്നാണ് ജനം പറയുന്നത്. കേരളം മൊത്തം ഇങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് നാണവും മാനവുമുണ്ടെങ്കില്‍, ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കില്‍ സംഘടനാപരമായെങ്കിലും നടപടി സ്വീകരിക്കേണ്ടേ? സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കെതിരെ ഒരു ആരോപണം വന്നാല്‍ രാത്രി മുഴുവന്‍ ചാനലുകള്‍ ചര്‍ച്ച നടത്തും. എന്നാല്‍ ഇവിടെ യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളെ സംരക്ഷിക്കാനാണ് ചാനലുകള്‍ ശ്രമിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉള്‍പ്പെടെ ആരോപണ വിധേയനായ നേതാവ് അതിക്രമം നടത്തിയെന്ന ചര്‍ച്ച ഈ നാട്ടില്‍ നടന്നതാണ്. ഇത്തരമൊരവസ്ഥയില്‍ കോണ്‍ഗ്രസ് നേതൃത്വത്തോടും പ്രതിപക്ഷ നേതാവിനോടും നടപടി എടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം. സംഘടനാ ഭാരവാഹിത്വത്തില്‍നിന്നെങ്കിലും മാറ്റിനിര്‍ത്താന്‍ നേതൃത്വം തയാറാകണം. എം.എല്‍.എ പദവിയിലുള്ള പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അവര്‍ ഇപ്പോഴും നാണമില്ലാതെ പദവിയില്‍ തുടരുകയാണ്. ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കില്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ്” -സുരേഷ് ബാബു പറഞ്ഞു.

