പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് മോദിയുടെ അഭിസംബോധന. രാജ്യത്ത് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച പ്രഖ്യാപനം മോദി നടത്തും.
ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
എന്നാല്‍ റെഡ്, കണ്ടെയ്ന്മെന്റ് സോണുകളില്‍ രാത്രി കര്‍ഫ്യൂവും പൊതുഗതാഗത നിരോധനവും ഉള്‍പ്പടെ തുടരാനാണ് സാധ്യത. മെയ് 15-നകം സോണുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
”ആദ്യഘട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ രണ്ടാം ഘട്ടത്തില്‍ വേണ്ടതില്ലായിരുന്നു, ഇനി മൂന്നാം ഘട്ടത്തില്‍ നല്കിയതിനേക്കാള് ഇളവുകള്‍ കൂടുതലായി നാലാംഘട്ടത്തില്‍ നല്‍കാവുന്നതാണ്”, എന്നാണ് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞത്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍, കേരളവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്.

