ചെന്നൈ: തമിഴ്നാട് ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.
തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ എസ്ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷണ്മുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.
എഐഎഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായ മൂര്‍ത്തി, മക്കളായ മണികണ്ഠന്, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂര്‍ത്തിയും മകനായ തങ്കപ്പാണ്ടിയും തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിനിടെ മൂര്‍ത്തിക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായാണ് പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന എസ്ഐ ഷണ്മുഖവും കോണ്‍സ്റ്റബിള്‍ അഴകുരാജയും തോട്ടത്തിലെത്തിയത്.
പൊലീസ് സംഘം തോട്ടത്തിലെത്തുമ്പോള്‍ അച്ഛനും മകനും മദ്യപിച്ച നിലയിലായിരുന്നു. മൂര്‍ത്തിയെ ആശുപത്രിയിലെത്തിക്കാനും തര്‍ക്കം പരിഹരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് എസ്ഐക്ക് പരിക്കേറ്റത്. അറസ്റ്റ് തടയുന്നതിനായി മണികണ്ഠന് ആക്രമിക്കുകയായിരുന്നു.

