കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ മറന്ന ചരിത്രം ഓര്‍മിപ്പിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് രവത ചന്ദ്രശേഖര്‍ എന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം.
രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്നമല്ല ഇത്. സര്‍ക്കാര്‍ തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ആ തീരുമാനത്തെ കുറിച്ച് സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. പല പൊലീസുകാരും പല ഘട്ടങ്ങളിലും സി.പി.എമ്മിനെതിരായ നിലപാട് സ്വീകരിച്ചവരായിരിക്കാം. രവത ഒറ്റക്കല്ല, എല്ലാവരും ചേര്‍ന്നായിരുന്നു അന്ന് വെടിവെപ്പ് നടത്തിയത്. ഡി.ജി.പി പദവിയിലേക്ക് പരിഗണിക്കപ്പെട്ട നിതിന്‍ അഗര്‍വാളിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. വെടിവെച്ച് നടന്ന അതേ കാലത്താണ് തലശ്ശേരിയില്‍ എ.എസ്.പിയായിരുന്ന നിതിന്‍ അഗര്‍വാള്‍ മുതിര്‍ന്ന നേതാവായ എം. സുകുമാരനെ ലോക്കപ്പില്‍ വെച്ച് തല്ലിച്ചതച്ച കേസില്‍ പ്രതിയായിരുന്നു. അന്ന് അത്തരം നടപടികള്‍ക്കെതിരെ സി.പി.എം ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു ശേഷം യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍ സര്‍ക്കാര്‍ പരിഗണിച്ചു. അതില്‍ രവത ചന്ദ്രശേഖരെ ഡി.ജി.പിയായി നിയമിക്കുകയും ചെയ്തു. രാഷ്ട്രീയത്തിനതീതമായിട്ടുള്ള എല്‍.ഡി.എഫിന്റെ ഇത്തരം തീരുമാനങ്ങളില്‍ വിവാദമുണ്ടാക്കുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥിരം രീതിയാണ്. സര്‍ക്കാര്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയെ നിയമിച്ചിരിക്കുന്നത്. യോഗേഷ് ഗുപ്തയെ ഒഴിവാക്കിയത് എന്തിനെന്ന് സര്‍ക്കാറിനോട് ചോദിക്കണമെന്നും പി. ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.

