കോവിഡുമായി സംബന്ധിച്ച് ശേഖരിച്ച വിവരങ്ങള്‍ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സര്‍ക്കാര്‍ വിശദികരണം.
കൊവിഡ് 19 ന്റെ വിശകലനത്തിന് സ്പ്രിംക്ലറിന്റെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തിര സാഹചര്യത്തിലായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.മാര്‍ച്ച് 28നും ഏപ്രില്‍ 11നുമിടക്കുള്ള ചെറിയ കാലയളവില്‍ സംസ്ഥാനത്ത് 80 ലക്ഷത്തോളം പേര്‍ക്ക് രോഗബാധ ഉണ്ടാവാന്‍ ഇടയുണ്ടന്ന വിദഗ്ദ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
സര്‍ക്കാര്‍ ഏജന്‍സിക്ക് ഇത്തരമൊരു സാഹചര്യം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
സി-ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലാണ് ഡാറ്റ ശേഖരിച്ചു വയ്ക്കുന്നതെന്നും ഇവ ചോരുന്നില്ലന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനാ സംവിധാനമുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.
ആമസോണ്‍ ക്ലൗഡ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ക്ലൗഡ് സ്റ്റോറേജാണ്. കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക വകുപ്പിന്റെ ഏജന്‍സി ഈ ക്ലൗഡുകളില്‍ ഓഡിറ്റിംഗ് നടത്തുന്നുണ്ട് ‘ഡാറ്റാ ചോരുന്നുണ്ടെങ്കില്‍ മനസ്സിലാക്കാനാവുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഉടന്‍ നടപടി എടുക്കാന്‍ സാധിക്കുമെന്നും സര്‍ക്കാരിന്റെ വിശദീകരണ പത്രികയില്‍ വ്യക്തമാക്കി.

