തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും തീര്‍ത്തു.
ആശാ വര്‍ക്കര്‍മാര്‍ സമരം തുടങ്ങി 18ാം ദിവസമാണ് സര്‍ക്കാര്‍ നടപടി. ഇന്‍സെന്റീവിലെ കുടിശ്ശികയും കൊടുത്തുതീര്‍ത്തിട്ടുണ്ട്. അതേസമയം, കുടിശ്ശിക നല്‍കണമെന്നത് സമരക്കാരുടെ ഒരാവശ്യം മാത്രമാണ്. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.
സമരം അവസാനിപ്പിക്കില്ലെന്ന് ആശമാര്‍ വ്യക്തമാക്കി. ചെയ്ത ജോലിയുടെ ശമ്പളമാണ് ലഭിച്ചത്. ജനുവരി മാസത്തെ ഇന്‍സെന്റീവ് തുക ലഭിച്ചു. ഓണറേറിയം അക്കൗണ്ടുകളില്‍ എത്തിയിട്ടില്ല.
നിലവില്‍ ഓണറേറിയം ലഭിച്ചത് സമരത്തിന്റെ ഒരു വിജയമായി കാണുന്നു. ഓണറേറിയം വര്‍ധിപ്പിക്കണം, പെന്ഷന് ആനുകൂല്യം നല്‍കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഇത് അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി.

