പൗരത്വ സമരവുമായി ബന്ധപ്പെട്ട കലാപത്തില്‍ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും.
12 പേര്‍ക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാരടക്കം ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും റോഡുകളിലുടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ച് നില്‍ക്കുകയാണ്. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പുതിയതായി നിയമിച്ച സ്പെഷ്യല്‍ ഡല്‍ഹി കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.

