ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കരഞ്ഞ് ശല്യപ്പെടുത്തിയതിന് 2 വയസ്സുള്ള മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ഭര്‍തൃപിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
അഫ്സാന ഖാത്തൂന് എന്ന യുവതിയാണ് തന്റെ 2 വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ആറു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിക്ക് നാലും രണ്ടും വയസ്സുള്ള ആണ്‍മക്കളുണ്ട്. വ്യാഴാഴ്ച ഭര്‍ത്താവുമായി വഴക്കിട്ട ശേഷം അഫ്സാന ഇളയ മകനുമായി മുറിയില്‍ കയറി വാതിലടച്ചു. അതിനിടയിലാണ് അഫ്സാനയ്ക്ക് ഒരു ഫോണ്‍കോള്‍ വന്നത്.
ഫോണില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരയാന്‍ തുടങ്ങി. മകന് കരയാന്‍ തുടങ്ങിയപ്പോള്‍ ആശ്വസിപ്പിക്കുന്നതിന് പകരം ദേഷ്യത്തില്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഭര്‍ത്താവ് രാത്രി ഉറങ്ങാന്‍ മുറിയില്‍ വന്നപ്പോള്‍ മകന് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

