കാഞ്ചീപുരം: യൂട്യൂബർ ടി.ടി.എഫ്. വാസന്റെ ലൈസൻസ് പത്ത് വർഷത്തേക്ക് കാഞ്ചീപുരം ആർ.ടി.ഒ. റദ്ദാക്കി. റോഡിൽ അനധികൃതമായി ബൈക്കഭ്യാസം നടത്തിയതിന്റെ പേരിലാണ് നടപടി. കഴിഞ്ഞമാസം അതിവേഗത്തിൽ ബൈക്കോടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ വാസനെ പിന്നീട് പോലീസ് അറസ്റ്റുചെയ്തിരുന്നു.
യൂട്യൂബ് ചാനലിലെ ബൈക്ക് അഭ്യാസ വീഡിയോകളിലൂടെയാണ് വാസൻ ശ്രദ്ധിക്കപ്പെട്ടത്. ലക്ഷക്കണക്കിന് യുവജനങ്ങൾ ഇയാളുടെ യൂട്യൂബ് ചാനലിന്റെ വരിക്കാരാണ്. ഈ ചാനൽ നിർത്തലാക്കണമെന്ന്, കഴിഞ്ഞദിവസം വാസന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. അഭ്യാസപ്രകടനം കാണിക്കുന്നതിന് ഉപയോഗിക്കുന്ന ബൈക്ക് കത്തിച്ചു കളയണമെന്നും കോടതി പറഞ്ഞു. തുടർന്നാണ് ഇപ്പോൾ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. കഴിഞ്ഞ മാസമാണ് വാസന് അദ്ദേഹത്തിന്റെ ആഡംബര ബൈക്കിൽ നിന്ന് അപകമുണ്ടാകുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കാഞ്ചിപുരത്തിനടുത്ത് ഹൈവേയിലാണ് അദ്ദേഹത്തിന് അപകടമുണ്ടായത്. ചെന്നൈയിൽനിന്ന് ബൈക്കിൽ മഹാരാഷ്ട്രയിലേക്കുള്ള യാത്രയിലായിരുന്നു അപകടമെന്നായിരുന്നു റിപ്പോർട്ട്. ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ കാഞ്ചീപുരം ജില്ലയിലെ ബാലുചെട്ടിഛത്രത്തിൽ റോഡിൽ ബൈക്ക് ഓടിച്ച് അഭ്യാസ പ്രകടനം കാണിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.
സുസുക്കിയുടെ സൂപ്പർ ബൈക്ക് മോഡലായ ഹസാബുസയിലായിരുന്നു വാസന്റെ യാത്ര. സർവീസ് റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ ബൈക്കിന്റെ മുന്നിലെ വീൽ ഉയർത്തുകയും ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് പുറത്തേക്ക് തെറിച്ച് പോകുന്നതുമാണ് വീഡിയോയിലുള്ളത്.

