കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 3 കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. പേസ്റ്റ് രൂപത്തിലും ഗുളിക രൂപത്തിലും കടത്തിയ 5.4 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്
സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ കസ്റ്റംസ് പിടികൂടി. സെപ്‌റ്റംബർ 24, 25 തീയതികളിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിൽ ശരീരത്തിലും ബാഗിലും ഒളിപ്പിച്ച രീതിയിലായിരുന്നു സ്വർണം . കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീർ പറയരുകണ്ടിയിൽ (40), കൊടുവള്ളി സ്വദേശി കരുമ്പാറുകുഴിയിൽ മുഹമ്മദ് മിദ്‌ലാജ് (21), കക്കട്ടിൽ സ്വദേശി ലിഗേഷ് (40), കോഴിക്കോട് ചേളാർക്കാട് സ്വദേശി അസീസ് കൊല്ലന്റവിട (45) , മലപ്പുറം സ്വദേശി സമീർ (34) അബ്ദുൾ സക്കീർ (34) എന്നിവരാണ് പിടിയിലായത്.
റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീർ ഗുളികകളുടെ രൂപത്തിലാണ് സ്വർണം കടത്തിയത്. 619 ഗ്രാം തൂക്കമുള്ള 2 ഗുളികകളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ദുബായിൽ നിന്ന് സ്വർണവുമായി എത്തിയ മുഹമ്മദ് മിദ്‌ലാജിൽ നിന്നും ബെഡ്‌ഷീറ്റിൽ കടലാസിൽ തേച്ച് ഒട്ടിച്ചിരുന്ന 985 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ലിഗേഷിൽ നിന്ന് മലാശയത്തിനുള്ളിൽ ഒളിപ്പിച്ച 543 ഗ്രാം തൂക്കമുള്ള 2 സ്വർണ മിശ്രിതങ്ങളാണ് കണ്ടെടുത്തു. ദോഹയിൽ നിന്നാണ് ഇയാൾ സ്വർണം കടത്തിയത്. മലാശയത്തിൽ ഒളിപ്പിച്ച 970 ഗ്രാം തൂക്കമുള്ള 4 സ്വർണ്ണ ഗുളികകളാണ് അസീസിൽ നിന്നും കണ്ടെത്തിയത്. ജിദ്ദയിൽ നിന്ന് എത്തിയ സമീറിൽ നിന്നും മലാശയത്തിൽ ഒളിപ്പിച്ച 1277 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്.
അബ്ദുൾ സക്കീറിൽ നിന്നും മലാശയത്തിൽ ഒളിപ്പിച്ച 1066 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ജിദ്ദയിൽ നിന്നാണ് അബ്ദുൾ സക്കീറും സ്വർണം എത്തിച്ചത്
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; രണ്ട് ദിവസം കൊണ്ട് പിടികൂടിയത് 3 കോടിയുടെ സ്വർണം

