സോഷ്യൽമീഡിയ പേജിലൂടെ പതിനൊന്നുകാരിയായ പെൺകുട്ടിയെ രണ്ടാനമ്മ വിൽപ്പനയ്ക്ക് വച്ചു. ഇടുക്കി തൊടുപുഴയിൽ പെൺകുട്ടിയെ വിൽപനക്ക് വെച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മയെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാണ് രണ്ടാനമ്മ കുട്ടിയെ വിൽപനക്കുണ്ടെന്ന് കാണിച്ച് പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വിൽക്കാനുണ്ടെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പെൺകുട്ടിയുടെ വല്യമ്മയും പൊലീസിലെത്തി പരാതി നൽകി. മാതാവ് ഉപേക്ഷിച്ച് പോയ കുട്ടി രണ്ടാനമ്മയുടെ പരിചരണത്തിലായിരുന്നു.ആദ്യം പിതാവിനെയായിരുന്നു പൊലീസ് സംശയിച്ചത്. എന്നാൽ ഇയാൾക്ക് ഫേസ്ബുക്ക് ഐ.ഡി ഇല്ലെന്ന് മനസിലാക്കിയ പൊലീസ്, സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പോസ്റ്റിട്ടത്രണ്ടാനമ്മയാമണെന്ന് കണ്ടെത്തിയത്. കുട്ടിയുടെ പിതാവുമായി ഉണ്ടായ വഴക്കാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ വിശദീകരണം.സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. ആറ് മാസം പ്രായമുള്ള കുഞ്ഞുള്ളതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യാൻ വിദഗ്ധോപദേശം തേടിയത്.
തൊടുപുഴയിൽ പതിനൊന്നുകാരിയെ വിൽപനക്ക് വെച്ചു; പ്രതി രണ്ടാനമ്മ

