കുനോ ദേശീയ ഉദ്യാനത്തിൽ കഴിയുകയായിരുന്ന ആഫ്രിക്കയിൽ നിന്നെത്തിച്ച സാഷ എന്ന ചീറ്റ മരണപ്പെട്ടത് മാനസിക സമ്മർദ്ദം മൂലമാണെന്ന് വിദഗ്ധർ. സാഷ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എത്തിയ എട്ട് ചീറ്റകളിൽ ഒന്നായിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിച്ച എല്ലാ ചീറ്റകളുടെയും ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു. സാഷയുടെ ജീവൻ രക്ഷിക്കാനായി മുഴുവൻ സമയവും ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വന്യ ജീവി പ്രവർത്തകരെ സാഷയുടെ മരണം ഞെട്ടിച്ചിരിക്കുകയാണ്.
മാനസിക സമ്മർദ്ദം കൂടാതെ സാഷയുടെ ക്രിയാറ്റിനൻ അളവ് 400ന് മുകളിലായിരുന്നുവെന്നും മെഡിക്കൽ സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.പ്രാഥമിക നിഗമനമനുസരിച്ച് ക്രിയാറ്റിനൻ അളവ് വർധിച്ചത് കാരണം വൃക്കകളുടെ പ്രവർത്തനം തകരാറിലയതാണ് മരണ കാരണം.
. മരണത്തിന് മറ്റൊരു കാരണവും കാണാനില്ലെന്നും ഉയർന്ന മാനസിക സമ്മർദ്ദം കാരണമാകാം ക്രിയാറ്റിനൻ ലെവൽ ഉയർന്നതെന്നും സംഘം വിലയിരുത്തി. സാഷയുടെ മരണത്തെ തുടർന്ന് എല്ലാ ചീറ്റകളെയും അൾട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും.