കോഴിക്കോട്: ഗൾഫ് മേഖലയിലെ സാധാരണക്കാരായ പ്രവാസികളെ വിമാനക്കമ്പനികളുടെ അമിത നിരക്ക് ഈടാക്കലിൽ (ആകാശക്കൊള്ള) നിന്ന് രക്ഷിക്കാൻ കേരള-ഗൾഫ് സെക്ടറിൽ യാത്രാ-ചരക്ക് കപ്പൽ സർവീസ് അടിയന്തരമായി ആരംഭിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ (എം.ഡി.സി) ആവശ്യപ്പെട്ടു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളും തുറമുഖ വകുപ്പും നോർക്കയും സംയുക്തമായി പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നേരത്തെ 2001-ൽ ബഹ്‌റൈൻ, ദോഹ എന്നിവിടങ്ങളിൽ നിന്ന് 800 യാത്രക്കാരെയും ദുബായിൽ നിന്ന് 700 പേരെയും ഉൾക്കൊണ്ട് ബോംബെ വഴി നാലാം ദിവസം കൊച്ചിയിലെത്തിയ വിജയകരമായ കപ്പൽ സർവീസ് നമുക്ക് മുന്നിലുണ്ട്. അന്ന് ഏകദേശം 400 ദിർഹം മാത്രമായിരുന്നു ടിക്കറ്റ് നിരക്ക്. കൂടാതെ 200 കിലോ ലഗേജ് സൗജന്യമായി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യോമയാന ലോബികളുടെ ഇടപെടൽ മൂലമാണ് അന്ന് തുടർ സർവീസുകൾക്കുള്ള അനുമതി നിഷേധിക്കപ്പെട്ടതെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
2023-ൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധികൾ യു.എ.ഇയിൽ വെച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജ്മെന്റുമായി ചേർന്ന് നടത്തിയ പഠന റിപ്പോർട്ട് നേരത്തെ മുഖ്യമന്ത്രി, മാരിടൈം ബോർഡ്, നോർക്ക, തുറമുഖ വകുപ്പ് മേധാവികൾ എന്നിവർക്ക് സമർപ്പിച്ചിരുന്നു. യു.എ.ഇയിൽ നിന്ന് നേരിട്ട് കൊച്ചിയിലേക്ക് രണ്ടോ മൂന്നോ ദിവസത്തിനകം മിതമായ നിരക്കിൽ കപ്പൽ സർവീസ് ആരംഭിച്ചാൽ പ്രവാസികൾക്ക് അത് വലിയ ആശ്വാസമാകുമെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്
ഇതിനെത്തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ 15 കോടി രൂപ വകയിരുത്തുകയും ലോക കേരള സഭയിൽ സർവീസ് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പ്രവാസികളിൽ നിന്നും യു.എ.ഇയിലെയും കേരളത്തിലെയും ദൃശ്യമാധ്യമങ്ങളിൽ നിന്നും വലിയ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിച്ചത്. ഈ പ്രഖ്യാപനങ്ങളിൽ ഏറെ പ്രതീക്ഷയോടെയാണ് ഗുണഭോക്താക്കൾ കാത്തിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, സെക്രട്ടറി പി.ഐ. അജയൻ എന്നിവരാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. മുഖ്യമന്ത്രിയിൽ നിന്നും വളരെ പ്രതീക്ഷ നൽകുന്ന മറുപടിയാണ് ലഭിച്ചതെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരള-ഗൾഫ് കപ്പൽ സർവീസ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര അനുമതി വേണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ

