റാന്നി ഗ്രാമ പഞ്ചായത്തില്‍ ബിജെപി യുടെ വോട്ട് എല്‍ഡിഎഫിന്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാര്‍ളിയെയയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ രണ്ട് വോട്ട് ഉള്‍പ്പെടെ ഏഴ് വോട്ടുകള്‍ ശോഭ ചാര്‍ളിക്ക് ലഭിച്ചു.
എല്‍.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റുകളുമാണ് റാന്നിയില്‍ ഉള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. അവസാനനിമിഷം വരെ സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. സ്വതന്ത്രനായ കെ.ആര്. പ്രകാശ് കുഴിക്കാലയില് യു.ഡി.എഫിന്റെ പിന്തുണയോടെ പ്രസിഡന്റാകുമെന്നും കരുതിയിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടാണ് ബി.ജെ.പി എല്‍.ഡി.എഫിനെ പിന്തുണച്ചത്.
എല്‍.ഡി.എഫില്‍ സി.പി.എമ്മിന് നാല് സീറ്റുകളും കേരള കോണ്‍ഗ്രസി(എം)ന് ഒരു സീറ്റുമാണുള്ളത്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് നാലിടത്തും കേരള കോണ്‍ഗ്രസ് (പി.ജെ.ജോസഫ്) ഒരിടത്തും വിജയിച്ചു.

