തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മൈക്രോചിപ്പ്, നോക്കിയ, പേപാൽ എന്നിവയുൾപ്പെടെ നിരവധി കമ്പനികളുമായി കരാറിൽ ഒപ്പുവച്ചു. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി നടത്തുന്ന യുഎസ് യാത്രയിലാണ് വൻകിട കമ്പനികളുമായി ധാരണയിലെത്തിയത്. ചെന്നൈയിലെ സെമ്മഞ്ചേരിയിൽ അർധചാലക സാങ്കേതിക വിദ്യയിൽ ഗവേഷണ-വികസന കേന്ദ്രത്തിനായി മൈക്രോചിപ് പ്രതിനിധികളായ പാട്രിക് ജോൺസണും ബ്രൂസ് വെയറും മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രി ടി ആർ ബി രാജയുടെയും സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. 250 കോടി രൂപ പദ്ധതി 1500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചെങ്കൽപട്ടിലെ സിരുശേരിയിൽ 450 കോടിയുടെ പദ്ധതിക്കായി നോക്കിയയുമായും കരാർ ഒപ്പിട്ടു. 2030-ഓടെ സംസ്ഥാനത്തെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറ്റുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് സ്റ്റാലിനും ഉന്നതതല ഉദ്യോഗസ്ഥ സംഘവും യുഎസിൽ സന്ദർശനം നടത്തുന്നത്. വ്യാഴാഴ്ച സാൻഫ്രാൻസിസ്കോയിൽ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റാലിൻ പങ്കെടുത്തു. അപ്ലൈഡ് മെറ്റീരിയൽ എഐ എനേബിൾഡ് ടെക്‌നോളജി ഡെവലപ്‌മെൻ്റ് സെൻ്റർ ചെന്നൈയിലെ തരമണിയിൽ സ്ഥാപിക്കാനും കരാർ ഒപ്പിട്ടു.ഇലക്‌ട്രോലൈസർ നിർമാണത്തിനും ഹൈഡ്രജൻ സൊല്യൂഷൻ സംവിധാനങ്ങൾക്കുമുള്ള ഘടകങ്ങളുടെ നിർമാണത്തിനായി ഓമിയയുമായും കരാർ ഒപ്പിട്ടു. ഗീക്ക് മൈൻഡ്‌സുമായും ഇൻഫിൻക്സുമായും യീൽഡ് എഞ്ചിനീയറിംഗ് സിസ്റ്റവുമായും സർക്കാർ കരാറിൽ ഒപ്പുവച്ചു. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്യുകയും സെപ്റ്റംബർ 2 ന് ചിക്കാഗോയിൽ യുഎസ് ആസ്ഥാനമായുള്ള കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്യും. യാത്രയ്ക്കിടെ ഫോർച്യൂൺ 500 കമ്പനികളുടെ സിഇഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സെപ്തംബർ 14ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും.